മൂന്നാര്‍ ആനയിറങ്കലിനു സമീപം കട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രികര്‍ തലനാരിഴക്ക് രക്ഷപെട്ടു. രാവിലെ ആറരയ്ക്കായിരുന്നു സംഭവം. കൊച്ചി – ധനുഷ്കോടി ദേശിയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടര്‍ ആനയുടെ മുന്നില്‍ പെട്ടു. ആനയെ കണ്ട് ഭയന്നതോടെ സ്കൂട്ടര്‍ മറിഞ്ഞു. ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി.
നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ടവാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നുമാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിന് സമീപം മറ്റൊരു ഒറ്റയാന് ഒരു വീടിന്റെ മുന്‍ഭാഗം തകര്‍ത്തിരുന്നു.
ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകന്റെ വീടായിരുന്നു അരികൊമ്പന് എന്ന് വിളിക്കുന്ന ഒറ്റയാന് തകര്‍ത്തത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും ആന തിന്നതായും മുരുകന് പറഞ്ഞിരുന്നു. മുരുകനും ഭാര്യ സുധയും അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം. ഒരു മാസം മുന്‍പ് സമീപത്തെ മറ്റൊരു വീടും ഒറ്റയാന് തകര്‍ത്തിരുന്നു.


