മുവാറ്റുപുഴ : ദേശീയപാത അതോറിറ്റി കഴിഞ്ഞ വർഷം അനുമതി നൽകിയ മുവാറ്റുപുഴ, കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രസിദ്ധപ്പെടുത്തിയ 3A വിജ്ഞാപനം ഈ വർഷം ഡിസംബറിൽ അവസാനിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തന്നെ സമയബന്ധിതമായി 3D വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കണം എന്നതായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ കൃത്യ സമയത്ത് LA തുക കണക്കാക്കി നൽകാനോ സമയബന്ധിതമായി 3D വിജ്ഞാപനം പുറപ്പെടുവിക്കാനോ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്ന് എംപി കുറ്റപ്പെടുത്തി.
ഭൂമി ഏറ്റെടുക്കലിനായി 385 കോടി രൂപയാണ് സി.എ.എൽ.എ പുനർ നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ 575 കോടി രൂപ കണക്കാക്കി നൽകിയത് ദേശിയ പാത അതോറിറ്റി അംഗീകരിച്ചിരുന്നില്ല. അന്ന് സംസ്ഥാന സർക്കാർ വരുത്തിയ വീഴ്ച്ചക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. ഭൂമി ഏറ്റെടുക്കുന്നതിന് 385 കോടി രൂപയിൽ അധികമായി വന്നാൽ അത് സംസ്ഥാനം വഹിക്കണമെന്ന ദേശിയ പാത അതോറിറ്റി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സംസ്ഥാനത്തിന് അത് സാധ്യമല്ലയെന്ന് മറുപടി നൽകി. തുടർന്ന് ഡൽഹിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലും ഇതേ നിലപാട് ആവർത്തിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി സാധ്യമാകുന്ന എല്ലാ നിലയിലും ഭൂമി ഏറ്റെടുക്കൽ തുക കുറക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. നിലവിൽ 3A വിജ്ഞാപനം റദ്ദായി. എന്നാൽ ഭൂമി ഏറ്റെടുക്കൽ തുക കുറച്ച് പദ്ധതി നടപ്പിലാക്കാം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.
നിലവിൽ നിശ്ചിയിക്കപ്പെട്ട അലൈൻമെൻ്റിൽ തന്നെ രണ്ട് സർക്കാരുകളും യോജിച്ച് കൊണ്ട് പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡീൻ കുര്യാക്കോസ് എംപി കത്ത് നൽകി. ഭൂമി ഏറ്റെടുക്കൽ കാര്യത്തിൽ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ ഒഴിവാക്കി 3 പതിറ്റാണ്ട് കാലമായിട്ടുള്ള മുവാറ്റുപുഴയുടെയും കോതമംഗലത്തിൻ്റേയും സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.
നിലവിൽ ദേശീയപാത വികസനത്തിനായി തുടർന്ന് വരുന്ന പദ്ധതികളുടെ ജി.എസ്.റ്റി, റോയൽറ്റി എന്നിവ കേന്ദ്രത്തിന് ഇളവ് നൽകി ഭൂമി ഏറ്റെടുക്കലിൻ്റെ നഷ്ടം പരിഹരിക്കാൻ സാധിക്കും. മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ, എൽദോ ബാബു വട്ടക്കാവിൽ തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.