ഇടുക്കി : പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് കുത്തിവയ്പ്പെടുത്തത് ആശുപത്രിയിലെ തൂപ്പുകാരി. യുവതിയുടെ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം. പരാതിയിന്മേല് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ അനൂപ് ജീവനക്കാരില്‍ നിന്നും അടിയന്തരമായി വിശദീകരണം തേടി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സൂപ്രണ്ട് ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. ചേറ്റുകുഴി ചങ്ങന്‍ശേരില്‍ ബെന്നി സെബാസ്റ്റ്യനാണ് ഇതു സംബന്ധിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. ഈ മാസം ആറു മുതല്‍ ബെന്നിയുടെ ഭാര്യ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടിനു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ നിര്‍ദേശപ്രകാരം തൂപ്പുകാരി കുത്തിവയ്പ് എടുത്തെന്നാണ് പരാതി.
സംഭവം നഴ്സിനെ അറിയിച്ചപ്പോള്‍ തങ്ങളുടെ കൂടെ നടന്ന് പഠിച്ചിട്ടുണ്ടെന്നും, നിങ്ങള്‍ക്കു താല്പര്യമില്ലെന്ന കാര്യം മറ്റു നഴ്സുമാരെ അറിയിക്കാമെന്നും പറഞ്ഞെന്നും ബെന്നി പരാതിയില്‍ ആരോപിക്കുന്നു. പരാതി ലഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയില്‍ ഇതിനു മുന്‍പും സമാനമായ രീതിയില്‍ കുത്തിവയ്പ് നല്‍കിയതായും ആരോപണമുണ്ട്. പരാതി നല്കിയ ബെന്നിയുടെ ഭാര്യ ഇന്ന് ആശുപത്രി വിടും.
കൃത്യമായ പരിശീലനം ഇല്ലാത്തവര്‍ കുത്തിവെയ്പ്പ് നല്കിയാന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ഗതിയില്‍ ഐവി കാനുല എന്ന സംവിധാനം ട്രിപ്പ് നല്‍കാനും, കുത്തിവയ്പ് നല്‍കാനും കയ്യില്‍ ഘടിപ്പിക്കും. ഇതിലൂടെയാണ് രോഗികള്‍ക്ക് കുത്തിവയ്പ് നല്‍കുന്നതും, ട്രിപ്പ് നല്‍കുന്നതും. ഈ സംവിധാനത്തിലൂടെയാണ് തൂപ്പ് ജോലിക്കാരി കുത്തിവയ്പ് നല്‍കിയത്.


