ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ മൊഴി നല്കാന് എഡിജിപി എം ആര് അജിത് കുമാര്‍ പൊലീസ് ആസ്ഥാനത്തെത്തി. മൊഴിയെടുപ്പ് ആരംഭിച്ചു. പൊലീസ് ആസ്ഥാനത്ത് കേസിൻ്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിൻ്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്പിമാരായ മധുസൂദനൻ എന്നിവരും സ്ഥലത്തുണ്ട്.
അതിനിടെ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം. അതേസമയം അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. സംസ്ഥാന സർക്കാർ ഈ ശുപാർശ വിജിലൻസിന് കൈമാറിയാൽ ആരോപണങ്ങളിൽ വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും.


