താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി സ്ഥലം മാറ്റപ്പെട്ട അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ എച്ച്എംസി അംഗങ്ങള്‍ അഴിമതി നടത്തി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അന്വേഷണം വന്നാല്‍ തെളിവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് മാറ്റി നിര്‍ത്തിയതില്‍ വേദനയില്ലെന്നും ആശുപത്രി നന്നാക്കിയതിന് എന്ത് ശിക്ഷാനടപടികളും ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിക്കാര്‍ക്ക് മികച്ച സേവനം ലഭിക്കാന്‍ കഴുന്നതെല്ലാം ചെയ്തിട്ടുണ്ട്. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഇന്നലെയാണ് സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് എത്താന്‍ മാത്രമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് തിടുക്കമെന്നും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു.

