പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്.

പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്.

വികാരതീഷ്ണമായ അന്തരീക്ഷത്തില്‍ “ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല” എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.

ആയിരക്കണക്കിന് ആളുകള്‍ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നേതാക്കള്‍ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയില്‍ കരിങ്ങോഴക്കല്‍ വീട്ടില്‍ കെ എം മാണിയുടെ പൊതുദര്‍ശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കല്‍ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.


