മലപ്പുറം : എം സി ഖമറുദ്ദീന് എംഎല്‍എക്ക് പാണക്കാട് വിലക്ക്. മഞ്ചേശ്വരം എംഎല്‍എ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്താനിരുന്ന കൂടിക്കാഴ്ചക്ക് പാണക്കാട്ടേക്ക് വരേണ്ട എന്ന് ഖമറുദ്ദീന് നിര്‍ദേശം നല്കി. രാവിലെ 10 മണിക്കുുള്ള കൂടിക്കാഴ്ചക്കായിരുന്നു ആദ്യം സമയം നിശ്ചയിച്ചിരുന്നത്. ഇത് ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് ഖമറുദ്ദീന് മുസ്ലിം ലീഗ് നേതൃത്വം നല്കിയ നിര്‍ദ്ദേശം. നിക്ഷേപ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. ആദ്യം നേതൃത്വവുമായി ചര്‍ച്ച നടത്താം അതിന് ശേഷം മാത്രം മതി ഹൈദരലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച എന്നാണ് നിലവിലെ തീരുമാനം
ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പരാതി നല്കിയവരില് ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പാണക്കാട്ടെത്തി ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ഖമറുദ്ദീന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഖമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലരും കൂടിക്കാഴ്ചക്ക്് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.
അതേ സമയം ബുധനാഴ്ച ചന്തേര പോലീസ് സ്റ്റേഷനില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ അഞ്ച് പരാതിയും ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്യായവുമടക്കം കേസുകള്‍ 33 എണ്ണമായി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനാണ്.


