കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയമനതട്ടിപ്പില്‍ പ്രതി വി. ദിദിന്‍കുമാര്‍, ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവിന്റെ പേര് ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തല്‍. എംഎല്‍എയുടെ സഹപാഠിയാണ് ദിദിന്‍കുമാര്‍. എംഎല്‍എയുടെ സുഹൃത്ത് ആണെന്ന് കരുതിയാണ് പണം നല്‍കിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പൊലീസില്‍ മൊഴി നല്കി. വിശ്വാസം ആര്‍ജിക്കാനായി പിഎസ്സിയുടെ വ്യാജ കത്തും ഇയാള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു.
മെഡിക്കല്‍ കോളജില്‍ വാര്‍ഡ് അസിസ്റ്റന്‍ഡ് ആയി രണ്ട് വര്‍ഷം മുമ്പ് പ്രതി ദിദിന്‍കുമാര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ കോവിഡ് കഴിഞ്ഞപ്പോള്‍ ഇയാളെ പിരിച്ചുവിട്ടിരുന്നു.മറ്റൊരു പ്രതിയായ സിദ്ദിഖും കൂട്ടാളിയായ ലോട്ടറി വില്പ്പനക്കാരന് രാജേഷും നിരീക്ഷണത്തിലാണെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് ദിദിനും സംഘവും ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മൂന്നരലക്ഷം രൂപ വരെ ഇവര്‍ക്ക് കൈമാറിയവരുണ്ടെന്നും കബളിപ്പിക്കപ്പെട്ടതിലെ നാണക്കേട് കാരണം പലരും പരാതി നല്കാന് മടിക്കുന്നതാണെന്നും പൊലീസ് പറയുന്നു.


