നഷ്ടപരിഹാരത്തുക കൈമാറാതെ കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രിം കോടതിയിലെ കേസ് നടപടികള്‍ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രിം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലി മുന്നോട്ടുവച്ച നിര്‍ദേശം ഇരകളുടെ കുടുംബങ്ങള്‍ അംഗീകരിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്. ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൈമാറിയെന്നും, വിഷയം ഒത്തു തീര്‍ന്നുവെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ നാവികരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒന്‍പത് വര്‍ഷമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നാവികര്‍ക്കെതിരെ ഇന്ത്യയില്‍ പ്രോസിക്യൂഷന് നടപടി കഴിയില്ലെന്നും, ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നുമാണ് രാജ്യാന്തര ആര്ബിട്രേഷന് കോടതി വിധിച്ചത്. ഈ വിധിയെ ഇന്ത്യ അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.


