ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി മുംബൈയില്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി വിജിന് വര്‍ഗീസാണ് ഡിആര്‍ഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ തന്റെ കൂട്ടാളിയെ കുറിച്ചും ഇയാള്‍ വിവരം നല്‍കിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ മന്‍സൂര്‍ തച്ചന്‍പറമ്പന്‍ എന്നയാളാണ് പിടികൂടിയ കണ്സൈന്മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. മുന്‍പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 70,30 അനുപാതത്തിലാണ് ലാഭം പങ്കുവച്ചിരുന്നത്. മന്‍സൂര്‍ ഒളിവിലാണ്. മോര് ഫ്രഷ് ഫുഡ്സ് എന്നൊരു പഴവര്‍ഗ ഇറക്കുമതി കമ്പനി ഇയാള്‍ക്കുമുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 1476 കോടി വിലവരുന്ന 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നീ ലഹരി മരുന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡിആര്‍ഐ പിടികൂടിയത്. ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് വച്ച് പിടികൂടുകയായിരുന്നു. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശി വിജിന് വര്‍ഗീസിന്റെ കമ്പനിയായ യമ്മി ഇന്റ്ര്‍ണാഷണല്‍ ഫുഡ്സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങി.