പത്തനംതിട്ട: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
പത്തനംതിട്ട ജില്ലയിലെ മുണ്ടന്‍പാറ മേഖലയില്‍ അതിശക്തമായ മഴയാണ്. വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാര്‍ കരകവിഞ്ഞു. മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. സീതക്കുഴി-മുണ്ടന്‍പാറ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി. മുണ്ടന്‍പാറ തോട്ടില്‍ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം മുണ്ടന്‍പാറ തോട്ടിലൂടെ അതിശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായിരുന്നു. തോട്ടിലെ വെള്ളം കണ്ടതോടെയാണ് വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്. സന്ധ്യ മയങ്ങിയതിനാല്‍ വെള്ളം എവിടെ നിന്നാണ് എത്തിയതെന്നു വ്യക്തമല്ല. സീതക്കുഴി പുള്ളോലിപടിയില് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ട്.
അതിശക്തമായ മഴ കാരണം, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാര്‍ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ ഗവിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


