മുവാറ്റുപുഴ : കേരളത്തിലെ ആദ്യ ട്രീ ആംബുലന്‍സുമായി മുവാറ്റുപുഴ പണ്ടപ്പിള്ളിയിലെ പീപ്പിള്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡനും ”ട്രീ’ എന്ന സംഘടനയും (TREE – Team for Rural Ecological Equilibrium) . കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികളിലൂടെയും മറ്റ് സന്നദ്ധ സംഘടനകള്‍ വഴിയും സര്‍ക്കാര്‍ നല്കുന്ന വൃക്ഷത്തൈ വിതരണവും തൈ നടലും തടസം നേരിട്ടിരിയ്ക്കുകയാണ്.ഈ സാഹചര്യത്തില്‍ നിലവിലുള്ള മരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇങ്ങനെയൊരു ട്രീ ആംബുലന്‍സ് സേവനം ആരംഭിച്ചതെന്ന് ട്രീ കോര്‍ഡിനേറ്റര്‍ അഡ്വ. ദീപു ജേക്കബ് പറഞ്ഞു.
പ്രഥമശുശ്രൂഷ, പിഴുതുമാറ്റിയ വൃക്ഷത്തൈ നടീല്‍, വൃക്ഷത്തൈകള്‍ വളര്‍ത്തല്‍, മരങ്ങള്‍ മാറ്റുക, വൃക്ഷങ്ങളുടെ സര്‍വേ, നശിച്ച മരങ്ങള്‍ നീക്കംചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ട്രീ ആംബുലന്‍സില്‍ നിന്നും ലഭിയ്ക്കും. പൊതുയിടങ്ങളില്‍ നില്ക്കുന്ന മരങ്ങളില്‍ ആണിയടിച്ച് ബോര്ഡ്കള് തൂക്കിയതോ, മറ്റു സംരക്ഷണമില്ലാതെ കാട് പിടിച്ച് കിടക്കുന്നതോ ആയ മരങ്ങളുടെ ഫോട്ടോയും ,ലൊക്കേഷനും താഴെ പറഞ്ഞിരിയ്ക്കുന്ന വാട്സാപ്പ് നമ്പരില്‍ അയച്ചാല്‍ ട്രീ ആംബുലന്‍സ് റ്റീം സ്ഥലത്തെത്തി വേണ്ട പരിപാലനം നടത്തും. പൂന്തോട്ടപരിപാലന ഉപകരണങ്ങള്‍, വെള്ളം, എന്നിവയും ഒപ്പം ഒരു പ്ലാന്റ് വിദഗ്ദ്ധനും സഹായികളും ട്രീ ആംബുലന്‍സില്‍ യാത്ര ചെയ്യും.
ട്രീ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് പ്രശസ്ത സിനിമാ താരം ജയസൂര്യ നിര്‍വഹിച്ചു. ഓക്സിജന്‍ പാര്‍ക്കിന്റെ ഭാഗമായുള്ള ആല്‍മരത്തൈ ജൂനിയര്‍ ട്രീ കോര്‍ഡിനേറ്റര്‍ എല്‍ദോ ദീപു ജയസൂര്യയ്ക്ക് വേണ്ടി പീപ്പിള്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ നാല്പ്പാമരക്കുന്നില് നട്ടു.
മൂവാറ്റുപുഴ ഇറിഗ്രേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായിരുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ കൊണ്ട് ഇടുന്നത് പതിവായിരുന്നു. ഇതിനൊരു അറുതി വരുത്തുകയും മരണമടയുന്ന വരുടെ ഓര്‍മ്മയ്ക്കായി ഒരു വൃക്ഷത്തൈ നട്ട് ഭൂമിയ്ക്ക് തണലാകുക എന്ന ലക്ഷ്യത്തോടെയും കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് 2012 ല്‍ തുടക്കം കുറിച്ചതാണ് ഈ ട്രീ എന്ന പരിസ്ഥിതി സംഘടന. ഒന്‍പത് വര്‍ഷത്തോളമായി അയ്യായിരത്തലധികം വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നുണ്ട്,നാല്‍പ്പാമര കപ്പല്ക്കുന്ന്, നക്ഷത്ര വനം, ദശമൂല ബട്ടര്‍ഫ്ലൈ ഗാര്ഡന്, ഫ്രൂട്ട്സ് ഗാര്ഡന്, ക്രിത്രിമ മഴ പെയ്യിക്കുന്ന പുല്ലാന്തി ഹട്ട്, റോക്ക് ഗാര്ഡന് തുടങ്ങി നിരവധി ഗാര്‍ഡനുകളുമുണ്ട്.
പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ മൂവാറ്റുപുഴ, തൊടുപുഴ കൂത്താട്ടുകുളം പിറവം പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ട മരങ്ങളോ ചെടികളോ ഉണ്ടങ്കില്‍ ട്രീ ആംബുലന്‍സിന്റെ ടീമിനെ അറിയിക്കാനായി ഈ നമ്പരില്‍ ബന്ധപ്പെടാം. ഫോണ്‍:9447555044 ഒപ്പം നിങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കാന്‍ സ്ഥലമില്ലെങ്കില്‍ ഈ ട്രീ കൂട്ടായ്മയെ ഏല്പിച്ചാല് ഇവര്‍ നട്ട് പരിപാലിക്കും നിങ്ങള്‍ക്കായി.


