യാക്കോബായ – ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇരുകൂട്ടരേയും ചര്‍ച്ചയ്ക്ക് വിളിച്ചു. ഈ മാസം പത്തിന് തിരുവനന്തപുരത്താണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് യാക്കോബായ സഭയും സഭാ സമിതികള്‍ ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭയും വ്യക്തമാക്കി.
യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്നമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ അനുനയ നീക്കം. ഈ മാസം 10-ന് ഇരുവിഭാഗവുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തും. ഇരുസഭകളിലെയും മൂന്ന് പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളി പിടിച്ചെടുക്കുന്ന നടപടി ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ യാക്കോബായ സഭ സ്വാഗതം ചെയ്തു.
പള്ളിക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഒര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെടുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. നേരത്തെ സുപ്രിംകോടതി വിധി വന്നതിന് ശേഷം പള്ളികള്‍ സമവായത്തിലൂടെ വിട്ടുനല്‍കുന്നതിന് മന്ത്രിതല സമിതിയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍, ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയ്ക്ക് സന്നദ്ധരായിരുന്നില്ല. വിധി നടപ്പാക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണ്.


