ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കാണാതായ അന്നു തന്നെ ലിഗ കൊല്ലപ്പെട്ടിരുന്നു, ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെത്തിയ മുടിയിഴകളും പ്രതികളുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് പറയുന്നു.
മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഉദയനും ഉമേഷും കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. വിദേശികള്‍ക്കൊപ്പം ഗൈഡായി കൂടി തട്ടിപ്പുകള്‍ നടത്തും. പീഡനവും ഹോബിയാക്കി. ഇതിനിടെയാണ് ലിഗ ഇവരുടെ മുന്നില്‍ പെടുന്നത്. ലിഗ മരിച്ചെന്ന് തിരിച്ചറിഞ്ഞിട്ടും സാധാരണക്കാരെ പോലെയാണ് ഇരുവരും പെരുമാറിയത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ പറഞ്ഞ കള്ളമാണ് ഇരുവര്‍ക്കും വിനയായത്.ഉമേഷ് മുന്‍പും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്.
ലിഗയെ വശീകരിച്ച് പൊന്തക്കാട്ടില്‍ എത്തിച്ച ശേഷം ഉമേഷും ഉദയനും ഇവരെ പീഡിപ്പിച്ചു. അതിനു ശേഷം തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ ലിഗയുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടായി. പീഡനവിവരം പോലീസിനെ അറിയിക്കുമെന്ന് ലിഗ പറഞ്ഞതോടെ ഇവര്‍ ലിഗയെ തള്ളിയിടുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പനത്തുറ സ്വദേശികളാണ് പ്രതികള്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഉമേഷിന്റെ സഹോദരന് അടക്കം നാലു പേര് പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഉമേഷും ഉദയനുമാണ് യഥാര്‍ത്ഥ പ്രതികളെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. ലിഗയുടെ ഫേറന്‍സിക്, ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലങ്ങള്‍ ലഭിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് തീരുമാനം.
പോലീസ് ഏപ്രില്‍ 20ന് ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് മൃതദേഹം കിടക്കുന്ന് കണ്ടിരുന്നുവെന്ന് ഉമേഷിനും ഉദയനും ഒപ്പം കസ്റ്റഡിയിലായവര്‍ പറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.
ഉദയന്‍ ഒരു ടൂറിസ്റ്റ് ഗൈഡാണ്. മാര്‍ച്ച് 14ന് കോവളത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ ലിഗയെ ഇയാളാണ് പറഞ്ഞുവശീകരിച്ച് പൊന്തക്കാട്ടില്‍ എത്തിച്ചത്. ഒരു സ്ഥാപനത്തിലെ കെയര്‍ ടേക്കറാണ് ഉമേഷ്. ഇവര്‍ മുന്‍പും പലരേയും വശീകരിച്ച് ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നു. പ്രദേശത്തെ സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരെ മൊഴി നല്കാന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ആദ്യഘട്ടത്തില്‍ ഭയപ്പെട്ടിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിച്ചതിന് പ്രത്യേകം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.


