മരിച്ച ആൾ ജീവനോടെ മുന്നിൽ ..ഞെട്ടൽ വിട്ടുമാറാതെ പോലീസും നാട്ടുകാരും. പുല്‍പ്പള്ളി ആടിക്കൊല്ലിയില്‍ ആശ്വാസത്തിനിടയിലും ആശങ്കയിലാണ് എല്ലാരും . രണ്ടാഴ്ച മുന്‍പ് സംസ്കാരം നടത്തിയ സജി (48)യാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് തിരിച്ചെത്തിയത്. കര്‍ണ്ണാടക എച്ച്ഡി കോട്ടയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹമാണ് ഇയാളുടേതെന്ന് കരുതി സംസ്കരിച്ചത്.
അഴുകിയ മൃതദേഹത്തിന്റെ പരിസരത്തു നിന്നും കിട്ടിയ ചെരിപ്പ് സമാനമായിരുന്നു. സജിയുടെ ഒരു കാല് നേരത്തെ ഒടിഞ്ഞിരുന്നു എന്നതും കമ്പിയിട്ടിരുന്നു എന്നതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമായി യോജിച്ചു. പോലീസ് മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതോടെ മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്കരിച്ചു.അപ്രതീക്ഷിത ട്വിസ്റ്റിനെ തുടര്‍ന്ന് സംസ്കരിച്ചത് ആരെ എന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. ഒരാഴ്ച പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മറ്റാരെയെങ്കിലും കാണാതായതായുള്ള പരാതി എത്തിയാല്‍ ഇപ്പോള്‍ സംസ്കരിച്ച മൃതദേഹം പുറത്തെതുത്ത് ഡിഎന്‍എ പരിശോധനയും മറ്റും നടത്തേണ്ടി വരും. അതേസമയം, നിലവിലെ സാഹചര്യം അനുസരിച്ച് സംസ്കരിച്ച മൃതദേഹം ഏറ്റെടുക്കാനാകില്ലെന്നതാണ് കര്‍ണാടക പോലീസിന്റെ നിലപാട്.


