ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലാത്തതിൽ പൊലീസുകാരുടെ പ്രതിഷേധം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാർക്കിടയിൽ അമർഷം പുകയുന്നത്. അവധിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തു എന്നാണ് ഉയരുന്ന ആക്ഷേപം. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പരാതി നൽകുമെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം അറിയിച്ചു.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നു. ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകളും പുറത്ത് വന്നിരുന്നു.