ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തിരുവള്ളൂര്‍ പൂനമല്ലിയില്‍ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റോഷന് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ഒപ്പമുള്ള മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടോ വിസയോ ഇല്ല.

ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ നിന്ന് ഒരു ശ്രീലങ്കന്‍ സ്വദേശിയെ തമിഴ്നാട് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു.
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ സ്ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാലയളവില്‍ തമിഴ്നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.


