കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. വിവിധ വിദ്യാര്‍ഥി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ നടത്തി. രാഷ്ട്രപിതാവ് ഗാന്ധിജി കൊല്ലപ്പെട്ടതിന്റെ 71-ാം വാര്‍ഷികാചരണ ദിവസം ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച് ആഘോഷിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എം. എസ്.എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോഴിക്കോട് കടപ്പുറത്ത് ഗോഡ്സെയെ തൂക്കിലേറ്റി പ്രതീകാത്മക പ്രതിഷേധം ഒരുക്കി. ഗാന്ധിജിയുടെ രൂപത്തെ പോലും വെറുതെ വിടില്ലെന്ന ഹിന്ദുത്വ വാദികളുടെ പ്രഖ്യാപനമാണ് ഗാന്ധി ചിത്രത്തിലേക്ക് നിറയൊഴിച്ച സംഭവം വ്യക്തമാക്കുന്നത്. രാഷ്ട്ര പിതാവിനെ വെടിവെച്ച് കൊന്ന ഗോഡ്സെയെ മഹത്വവത്കരിക്കുന്ന ഹിന്ദുത്വ തീവ്രവാദികളുടെ പ്രവര്‍ത്തികള്‍ക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രതിഷേധമുണ്ടാവണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.

