ആലപ്പുഴയില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പിൽ ഗുരുതര വീഴ്ച. കരുവാറ്റ സ്വദേശിയായ 65കാരന് രണ്ടാം ഡോസ് കോവിഡ് വാക്സിന് രണ്ട് തവണ നല്‍കിയതായി പരാതി. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്കരനാണ് രണ്ട് തവണ വാക്സിൻ നൽകിയത്. തുടർന്ന് ശാരീരിക അസ്വസ്ഥകൾ ഉണ്ടായപ്പോൾ ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഭാസ്കരൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ കരുവാറ്റ പിഎച്ച്സിയില്‍ ആണ് സംഭവമുണ്ടായത്. ഭാര്യ പൊന്നമ്മയ്ക്കൊപ്പമാണ് ഭാസ്കരന് വാക്സിനെടുക്കാന്‍ എത്തിയത്. ആദ്യം ഒന്നാം കൗണ്ടറില്‍ നിന്ന് വാക്സിന് സ്വീകരിക്കുകയും പുറത്തേക്കിറങ്ങുകും ചെയ്തു. പുറത്തുള്ള രണ്ടാമത്തെ കൗണ്ടറില്‍ നിന്നാണ് വീണ്ടും വാക്സിനെടുത്തത്. ചെറിയ ഇടവേളയ്ക്കിടെ രണ്ട് തവണ വാക്സിന് എടുത്ത വിവരം പിന്നീടാണ് മറ്റുള്ളവര്‍ അറിയുന്നത്. ഇതോടെ കുടുംബവും ജനപ്രതിനിധികളും ഡിഎംഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പിഴവ് സ്ഥിരീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. നിലവില്‍ ഭാസ്കരന്റെ ആരോഗ്യനില തൃപ്തികരമാണ്.


