കൊട്ടാരക്കര: ഡോ. വന്ദനാദാസ് കൊലപാതകത്തില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന് മാത്യു ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സന്ദീപിന്റെ വൈദ്യ പരിശോധനക്കായി രണ്ട് ഹൗസ് സര്ജന്മാരെ കൂടാതെ രണ്ട് ഡോക്ടര്‍മാര്‍കൂടി ഉണ്ടായിരുന്നു. ചികിത്സ സമയത്ത് ഈ രണ്ട് ഡോക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും അക്രമം ഉണ്ടായപ്പോള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


