തിരുവനതപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തുവിട്ടു. ഇതോടെ, കൊവിഡ് വിവര ശേഖരണം സംസ്ഥാന തലത്തിൽ ഏകോപിക്കുന്നതിൻ്റെ ഉത്തരവാദിത്തം വെങ്കിട്ടരാമനായിരിക്കും.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നടപടികൾ പുരോഗമിക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പിൽ സുപ്രധാന ചുമതല നൽകിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. തുടർന്ന് ആരോഗ്യ വകുപ്പിൽ മറ്റൊരു ചുമതല നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സുപ്രധാന ചുമതലയിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ എത്തിയിരിക്കുകയാണ്.
കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായിട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആകെയുള്ള രോഗികളുടെ എണ്ണം, ഓക്സിജൻ ബെഡുകൾ, വെന്റിലേറ്റർ ഡേറ്റ, തുടങ്ങിയവ ആഴ്ചയിൽ റിവ്യു ചെയ്യുക എന്നതാണ് കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറുടെ പധാന ചുമതല. ഇക്കാര്യം പരിശോധിക്കാൻ ഒരു സംഘം തന്നെയുണ്ട്. ഈ സംഘത്തിന്റെ തലവനാണ് ശ്രീരാം വെങ്കിട്ടരാമൻ.
2019 ഓഗസ്റ്റ് മൂന്നിന് ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വെങ്കിട്ടരാമനെ 2020 മാർച്ചിലാണ് സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.


