കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വരക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പിതൃതര്‍പ്പണ കര്‍മങ്ങള്‍ ചെയ്തുനല്കിയ പുതിയറ സ്വദേശി കോലച്ചംകണ്ടിയില് വാസുദേവന്‍, എടക്കാട് സ്വദേശി പുതിയേടത്ത് ബാബു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബലിതര്‍പ്പണത്തിനെത്തിയവരുടെ നിരവധി വാഹനങ്ങള്‍ റോഡില്‍ നിറയുകയും ചെയ്തിരുന്നു. പാരമ്പര്യമായി എല്ലാവര്‍ഷവും ബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന വരക്കല്‍ കടപ്പുറത്ത് ഇത്തവണ ശ്രീകണ്ഠേശ്വര ക്ഷേത്രമോ, വരക്കല്‍ ക്ഷേത്രമോ, ബലിതര്‍പ്പണ സമിതിയോ, ഹിന്ദു ഐക്യവേദിയോ കൂട്ടമായി ചടങ്ങുകള്‍ നടത്തിയിരുന്നില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വമേധയാ ആളുകള്‍ മുന്‍വര്‍ഷത്തെപോലെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇവിടേക്ക് എത്തുകയായിരുന്നു. കേസെടുത്തെങ്കിലും ആരെയും അറസ്റ്റുചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വരക്കല്‍ കടപ്പുറത്ത് കര്‍ക്കടക വാവു ബലിയിടാനെത്തിയവര്ക്കെതിരെ കേസെടുത്തതില്‍ എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂനിയന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.


