പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി അല്ലെങ്കില്‍ ഇലക്കറിയാണ് ബ്രോക്കൊളി. വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ബ്രോക്കൊളി.
നാരുകളാല്‍ സമ്പന്നമായ ബ്രോക്കൊളി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രോക്കൊളി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കാത്സ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ബ്രോക്കൊളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ബ്രൊക്കോളി പതിവായി കഴിക്കുന്നത് നല്ലതാണ്.