ഇടുക്കി : ഇടുക്കിയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഉരുള്‍ പൊട്ടലും പ്രളയവും മറ്റു പ്രകൃതി ക്ഷോഭവും മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് പിന്‍ബലം നല്‍കേണ്ട സര്‍ക്കാര്‍ അവരെ പാടെ അവഗണിക്കുകയാണ്. സമര യാത്രയുടെ ഏഴാം ദിവസം സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനും കാരണം നെഹ്റുവാണെന്ന് നരേന്ദ്ര മോഡി പറയുന്നത് പോലെയാണ് എല്‍ഡിഎഫ് യുഡിഎഫിനെ കുറ്റം പറയുന്നതെന്നും ഡീന്‍ പരിഹസിച്ചു.
തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ഇടുക്കി പാക്കേജ് എന്ന പേരില്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിട്ട് വഞ്ചിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും തകര്‍ന്ന വീടുകള്‍ പോലും പുനര്‍ നിര്‍മ്മിച്ചു നല്കുവാന് ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ഡീന്‍ കുറ്റപ്പെടുത്തി. ഉപജീവനത്തിനായി ഒരു കടമുറി പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിച്ചു. രാഷ്ട്രീയ തട്ടിപ്പുകള്‍ നടത്താതെ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാര്‍ ആണ് ഇതെന്ന് സമര യാത്ര ഉദ്ഘാടനം നിര്‍വഹിച്ച കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ റെക്കോര്‍ഡ് ഇടുകയാണ്. കഴിഞ്ഞ 7 വര്‍ഷമായി ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്.
തുല്യരായി ജീവിക്കുവാന്‍ ഇടുക്കി ജനതക്ക് അവകാശമുണ്ട്. ഇടുക്കിയെ രണ്ടാം നിര പൗരന്മാരായി കണക്കാക്കുന്നത് അംഗീകരിക്കില്ലെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. തടിയമ്പാട് നിന്നാണ് ഏഴാം ദിവസത്തെ സമര യാത്ര ആരംഭിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ യാത്രയില്‍ അണിചേര്‍ന്നു.
പി.ഡി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി മാത്യൂ, മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, യുഡിഎഫ് ജില്ല ചെയര്മാന് ജോയി വെട്ടിക്കുഴി, എം.എന്‍ ഗോപി, എം.കെ പുരുഷോത്തമന്, എ.പി ഉസ്മാന്, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയങ്കല്‍, എം.ഡി അര്ജ്ജുനന്, ബിജോ മാണി, ജോയി കൊച്ചുകരോട്ട് അനില്‍ അനിക്കനാടന്, ജോബി തയ്യില്‍, ജോയി വര്‍ഗീസ്, ആന്‍സി തോമസ്, ഷിജോ ഞവരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.


