നിയമപഠനത്തില്‍ സ്വര്‍ണമെഡല്‍ ഒപ്പം അക്കാദമിക മികവിന് 18 മെഡലുകളും സ്വന്തമാക്കി കേരളത്തിന് അഭിമാനമായി മലയാളി യുവതി. കൊച്ചി സ്വദേശിയായ യമുനാ മേനോനാണ് ബംഗളുരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ 48 സ്വര്‍ണമെഡലുകളില്‍ 18 എണ്ണവും നേടിയത്.
നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം മെഡലുകള്‍ ഒരു വിദ്യാര്‍ഥി തന്നെ നേടുന്നത്. സര്‍വ്വകലാശാലയിലെ 28ാം വര്‍ഷത്തെ ബിരുദദാനചടങ്ങിലാണ് യമുനാ മേനോന് മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. സര്‍വ്വകലാശാലയുടെ ഐഡിഐഎ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിനി കൂടിയാണ് യമുന.
576 വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ ബിരുദദാന ചടങ്ങില്‍ നിയമപഠനം വിജയകരമായി പൂര്‍ത്തിയാക്കിയത്. 2014ല്‍ യമുനയ്ക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. ഇതോടെ ഒരു വര്‍ഷം കഠിന പരിശ്രമം നടത്തിയാണ് യമുന സര്‍വ്വകലാശാലയില്‍ പ്രവേശന പരീക്ഷ എഴുതി നിയമപഠനത്തിന് ചേരുന്നത്.
കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് യമുനയുള്ളത്. രാജ്യാന്തര നിയമ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും യമുന പറയുന്നു.


