കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന രീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച് അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിന് നിലവിൽ കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. 2021-ൽ തന്നെ ഇയാൾ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം.
2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ 2021-ൽ ഇയാൾ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് വിമതനെയും അനുയായികളെയും പാർട്ടിയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ കോൺഗ്രസ് വിട്ടത്. തുടർന്ന് അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ അംഗത്വം നൽകി ഇയാളെ സി.പി.എമ്മിലേക്ക് സ്വീകരിക്കുകയായിരുന്നുവെന്നും ജിന്റോ ജോൺ വെളിപ്പെടുത്തി.
കോൺഗ്രസിലായിരുന്ന സമയത്ത് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയിൽ അംഗമായിരുന്നെങ്കിലും, പാർട്ടി വിട്ടശേഷം ഇയാൾ സംഘടനയിലെ അംഗത്വം പുതുക്കിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെയോ അനുഭാവ അധ്യാപക സംഘടനകളുടെയോ യാതൊരു പരിപാടികളിലും ഇയാൾ പങ്കെടുത്തിട്ടില്ല. എന്നിട്ടും പ്രതിയെ കോൺഗ്രസുകാരനായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങളും മാധ്യമ സഖാക്കളും ബോധപൂർവം ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ഈ അധമൻ മുൻപ് കോൺഗ്രസുകാരനായിരുന്നാലും ഇയാൾ ചെയ്ത തെറ്റിനെതിരെ തന്നെയായിരിക്കും പാർട്ടിയുടെ നിലപാട്. പണ്ട് കോൺഗ്രസിലുണ്ടായിരുന്നവർ പിന്നീട് ചെയ്യുന്ന അനാവശ്യ കാര്യങ്ങളുടെ പാപഭാരം ഏറ്റെടുക്കാൻ പാർട്ടിക്കാവില്ല,” ജിന്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ വീട്ടിൽ ജിജോ ജെയിംസിനെ (35) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മേളയുടെ സംഘാടകരുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയെ തുടർന്നായിരുന്നു പോലീസ് നടപടി.

