പെരുമ്പാവൂർ : വിദ്യാഭ്യാസം എന്നത് കേവലം ബിരുദം നേടുന്നത് മാത്രമല്ല, അതൊരു ജീവിതാനുഭവം കൂടിയാണെന്ന് ബെന്നി ബെഹന്നാൻ എം.പി. നല്ലൊരു വിദ്യാർത്ഥിയെ വാർത്തെടുക്കുന്നതിന് പിന്നിൽ അധ്യാപകരുടെ കഠിനാധ്വാനം കൂടിയുണ്ട്. കഷ്ടപ്പാടുകൾക്കിടയിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന മാതാപിതാക്കളാണ് ഈ വിജയത്തിൻ്റെ യഥാർത്ഥ അവകാശികൾ എന്നും എം.പി പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംഘടിപ്പിച്ച ഇൻസ്പെയർ പെരുമ്പാവൂർ എംഎൽഎ അവാർഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പരിസരങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിന് നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. പഞ്ചായത്ത് അടിസ്ഥാനത്തിലാകും സമിതികൾ രൂപീകരിക്കുന്നത്. ജനപ്രതിനിധികളും സ്കൂൾ അധികൃതരും അടങ്ങുന്നതാണ് സമിതി.
വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. ഒ. ദേവസി ( സഹകരണ മേഖല ), പവിഴം ജോർജ്ജ് ( വ്യവസായ മേഖല ), എം.എൻ ബാലകൃഷ്ണൻ ( വിദ്യാഭ്യാസ മേഖല ), ഡോ. എൽദോ വൈദ്യൻ ( ആയുർവേദ ചികിത്സ ), മേരി എസ്തപ്പാൻ ( സാമുഹ്യ പ്രവർത്തനം ), സാബു പാത്തിക്കൽ ( മാസ്റ്റേഴ്സ് കായിക രംഗം ) എന്നിവരോടൊപ്പം 800 ഓളം വിദ്യാർത്ഥികൾ, 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. 800 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ട്രാവൻകൂർ സിമൻസ് ചെയർമാൻ ബാബു ജോസഫ് ചടങ്ങിൽ മുഖ്യാതിഥി ആയി. പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബാബു, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചന്, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാര്‍, ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, കൂവപ്പടി ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ഡോ. ഐജു തോമസ്, അറക്കപ്പടി ജയ്ഭാരത് കോളേജ് പ്രിനസിപ്പാൾ ഡോ.ഷമീര്‍ കെ. മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ എം.ഒ ജോസ് തുടങ്ങിയവർ പങ്കെടുത്തു.


