മൂവാറ്റുപുഴ : പളിയര്‍ എന്ന ആദിവാസി ജനവിഭാഗത്തി ന്റെ പാരമ്പര്യ നൃത്തരൂപമായ പളിയ നൃത്തം സംസ്ഥാന കലോത്സവ വേദിയില്‍ അവതരിപ്പിച്ച് എറണാകുളം ജില്ലയ്ക്ക് വേണ്ടി എ ഗ്രേഡ് നേടി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഇടുക്കി ജില്ലയിലെ കുമളിയില്‍ അധിവസിക്കുന്ന പളിയര്‍ എന്ന ആദിവാസി ജനവിഭാഗത്തിന് പാരമ്പര്യ നൃത്തരൂപമാണ് പളിയനൃത്തം.
പളിയ വിഭാഗം ആരാധിക്കുന്ന അമ്മ ദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായും ഉള്ള പ്രാര്‍ത്ഥനാ ഗീതങ്ങളാണ് പളിയ നൃത്തത്തില്‍ ഉപയോഗിക്കുന്നത് .ഇഞ്ചഎന്ന മരത്തിന്റെ തോല് ഉപയോഗിച്ചാണ് നൃത്തത്തിന് വേഷവിധാനങ്ങള്‍ ഒരുക്കുന്നത്.
എലൈന എല്‍ദോസ്, ടിയാന ചാള്‍സ് എന്നിവര്‍ കൊട്ടി പാടിയപ്പോള്‍ അനീറ്റ ഗീവര്‍ഗീസ് ,നേഹ അനീഷ് ,അനീറ്റ പൗലോസ്, ആവണി എ.എ, അനന്യ എ എ,അസ്നു സുജി ,എഫ്ര സാജു ,ഇഷാര ജന്ന എന്നീ എട്ടുപേര്‍ നൃത്തം ചവിട്ടി. സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി അരങ്ങേറിയ പളിയ നൃത്തം സോഷ്യല്‍ മീഡിയയുടെ സഹായിത്തോടെ സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത്.