കോട്ടയം പാലായില്‍ കോപ്പിയടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കോളെജിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചിട്ടില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടത്.
കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണെന്നും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്ന് അച്ഛന് ഷാജി പറഞ്ഞു.
ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്നും കുടുംബം ആരോപിച്ചു. ഹാള്‍ ടിക്കറ്റ് കോളേജ് അധികൃതര്‍ കാണിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നും അഞ്ജുവിന്റെ ആരോപിക്കുന്നു. ഹാള്‍ടിക്കറ്റ് കോളേജ് അധികൃതര്‍ കാണിച്ചിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മരിച്ച അഞ്ജുവിന്റെ പിതാവ് കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
അഞ്ജുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളജ് അധികൃതര്‍ രംഗത്തുവന്നിരുന്നു. വിദ്യാര്‍ഥിനി പാഠഭാഗങ്ങള്‍ പകര്‍ത്തിക്കൊണ്ടുവന്ന ഹാള്‍ ടിക്കറ്റും പരീക്ഷ ഡ്യൂട്ടിയിലുള്ള അധ്യാപകന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ ഇത് പിടിച്ചെടുക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും അധികൃതര്‍ ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തു വിടുകയും ചെയ്തിരുന്നു. അതിന് മറുപടിയുമായാണ് ഇന്ന് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു.
പാലാ, ചേര്‍പ്പുങ്കല്‍ ബി വി എം കോളേജില്‍ ബിരുദപരീക്ഷ എഴുതാനെത്തിയ ശേഷം കാണാതായ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജിയുടെ മകള്‍ അഞ്ജു പി. ഷാജിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും ഇന്നലെയാണ് കണ്ടെത്തിയത്.


