തിരുവനന്തപുരം : ഉത്സവപ്പറമ്പിലെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയിലൂടെ മനുഷ്യമനസ്സുകളെ കീഴടക്കിയ ദേവു മരണത്തിന് കീഴടങ്ങി.ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേത് കിഴക്കേക്കരയില്‍ ബി.ചന്ദ്രബാബുവിന്റെയും രജിതയുടെയും മകള്‍ ചന്ദന (ദേവു) (12) തലച്ചോറിനെ ബാധിച്ച തീവ്ര വൈറസ് ബാധ മൂലം മരണപ്പെട്ടത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.ഒരു ഉത്സവപ്പറമ്പിലെ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നാലെ ടിവി ചാനലുകളിലും ദേവു നൃത്തം അവതരിപ്പിച്ചു.
2020 ജൂണില്‍ പെട്ടെന്നുണ്ടായ പനിയെത്തുടര്‍ന്നാണ് കിടപ്പിലായത് നൂറനാട് ഗവ.യുപി സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അന്ന്. ആദ്യം സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അബോധാവ സ്ഥയിലായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം വന്നേക്കാവുന്ന അപൂര്‍വ രോഗം. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബു മകള്‍ ആശുപത്രിയിലായതിന്റെ നാലാം നാള് ആശുപത്രി പരിസരത്തു ജീവനൊടുക്കി.
രജിതയുടെ വീടായ കൊല്ലം ശൂരനാട് ആനയടി രമ്യഭവനത്തിലും ആശുപത്രിയിലുമായി ഇവര്‍ മാറിമാറി കഴിയുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് അണുബാധയെത്തുടര്‍ന്ന് ദേവുവിനെ അവസാനമായി ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചത്തെ ചികിത്സ വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും അതു പൂര്ത്തിയാകുംമുന്പ് ദേവു മരിച്ചു.ശൂരനാട് ആനയടിയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നു നൂറനാട്ടെ സ്കൂളിലും അച്ഛന് ചന്ദ്രബാബുവിന്റെ വീട്ടിലുമുള്ള പൊതുദര്‍ശനത്തിനു ശേഷം 3 ന് ആനയടിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.


