പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വായനശാലകള്‍ക്കും പുസ്തകങ്ങളും മറ്റു ഫര്‍ണിച്ചറുകളും നല്‍കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഇതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. നിയോജക മണ്ഡലത്തിലെ 15 ലൈബ്രറികള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 4 ലക്ഷം രൂപ വിനിയോഗിച്ചു നല്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘട്ടം ഘട്ടമായി മണ്ഡലത്തിലെ വായനശാലകള്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ ആയി മാറ്റുന്നതിനും എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. നിയമസഭാ പുസ്തകോത്സവത്തില്‍ നിന്നും 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി ലൈബ്രറികള്‍ക്ക് നല്‍കുന്നതിനാണ് അനുമതി ലഭ്യമായിരുന്നത്. അതിനാലാണ് അപേക്ഷിക്കുന്ന ലൈബ്രറികള്‍ക്ക് മാത്രം പുസ്തകങ്ങള്‍ നല്കുവാന് തീരുമാനിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ് കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 90 പുസ്തകങ്ങള്‍ രചിച്ച തൊണ്ണൂറുകാരനായ ബാല സാഹിത്യകാരന് സത്യന് താന്നിപ്പുഴയ്ക്ക് നാടിന്റെ സമാദരം അര്‍പ്പിച്ച ശേഷം ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിച്ച അന്‍പതോളം എഴുത്തുകാര്‍ക്ക് ശ്രേഷ്ഠ മലയാള പുരസ്കാരം നല്കി.
നഗരസഭ ചെയര്മാന് ബിജു ജോണ്‍ ജേക്കബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റര്‍ ഇ.വി.നാരായണന് പദ്ധതി പരിചയം നടത്തി. ജില്ലലൈബ്രറി കൗണ്‍സില്‍ തദേശ ഭരണസാരഥിയും നഗരസഭ കൗണ്‍സിലറുമായ ടി.എം.സക്കീര്‍ ഹുസൈന്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.ജെ ബാബു, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചന്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, നഗരസഭ വൈസ് ചെയര്പേഴ്സന് ബീവി അബൂബക്കര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സികെ രാമകൃഷ്ണന്, കൗണ്‍സിലര്‍മാരായ അനിത പ്രകാശ്, പി എസ് അഭിലാഷ്, ഷീബ ബേബി, കെ.ബി നൗഷാദ്, ഷമീന ഷാനവാസ്, ലത എസ് നായര്‍, സിന്ധു പി.എസ്, സാലിദ സിയാദ്, നഗരസഭ ലൈബ്രറി പ്രസിഡന്റ് ഉണ്ണികൃഷ്ണന്, ഡീക്കന്‍ ടോണി മേതല എന്നിവര്‍ പ്രസംഗിച്ചു.