പറവൂരില്‍ തീപ്പൊള്ളലേറ്റ് മരിച്ച വിസ്മയയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. വഴക്കില്‍ നിന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ജിത്തു വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
കാക്കനാട് ഒളിവില്‍ കഴിയവെയാണ് ജിത്തു പിടിയിലായത്. ഇവരെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ വിസ്മയയുടെ മരണ കാരണത്തില്‍ തുമ്പുണ്ടാക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയിരുന്നത്.
സംഭവത്തില്‍ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജിത്തുവിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. സംഭവത്തിന് ശേഷം കാണാതായ ജിത്തുവിനെ ഇന്നലെയാണ് കാക്കനാട് നിന്നും കസ്റ്റഡിയില്‍ എടുത്തത്.
പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെണ്മക്കളില് ഒരാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പൊള്ളലേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തില്‍ നിന്ന് മരണ കാരണമായതോ മറ്റോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
ഈ മാസം 28നായിരുന്നു സംഭവം. പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയല്‍ വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുന്‍പേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.


