ഇടുക്കി ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ കുട്ടിക്ക് പിതൃസഹോദരന്റെ ക്രൂരമര്‍ദനം. കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്തരിക രക്തസ്രാവവും ഉണ്ട്. സംഭവത്തില്‍ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മര്‍ദന വിവരം പുറത്തുവന്നത്.
പ്രതി പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇത് നിര്‍ത്തണമെന്ന് ആശാ പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വര്‍ഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. ഇന്നലെ വൈകുന്നേരം ആക്രമണം ഉണ്ടായെങ്കിലും രാത്രി കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


