വ്യാജ രേഖ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സിഐക്ക് സസ്പെന്ഷന്. ബലാല്‍സംഗക്കേസില്‍ പ്രതിയായ എറണാകുളം കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ എ.വി സൈജുവിനാണ് സസ്പെന്ഷന് ലഭിച്ചത്. കേസ് അട്ടിമറിക്കുന്നതിന് സിഐയെ സഹായിച്ച റൈറ്ററേയും സസ്പെന്‍ഡ് ചെയ്തു.
മലയന്‍കീഴ് പീഡനക്കേസ് പരാതിക്കെതിരെയാണ് കൃത്രിമം നടത്തിയത്. കടം നല്കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലാണ് പരാതിയെന്ന് വരുത്താനായിരുന്നു ശ്രമം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. പ്രതിയായ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയാണ്.
സൈജു മലയന്‍ കീഴില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സമയത്താണ് പീഡനക്കേസില്‍ പ്രതിയായത്. പരാതിയുമായി എത്തിയ ഡോക്ടടറെയാണ് പീഡിപ്പിച്ചത്. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്കി നിരവധി തവണ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറഞ്ഞു. മാതാപിതാക്കളില്ലാതെ തനിച്ചു കഴിയുന്ന തന്റെ ജീവന് ഇന്‍സ്പെക്ടറില്‍ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.


