പൂവച്ചല്‍ ദിവ്യയുടേയും മകള്‍ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലില്‍ തള്ളിയിട്ടാണ്. ആളില്ലാതുറയില്‍ വച്ചാണ് കൊലപാതകം നടന്നത്. തമിഴ്നാട്ടിലെ കുളച്ചല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഇത്.
പൂവാറില്‍ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയില്‍ എത്തിക്കുകയായിരുന്നു. ദിവ്യയേയും മകളേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോണ്‍ കടലില്‍ ഉപേക്ഷിച്ചു.
2011 ആഗസ്റ്റ് 19 നാണ് ദിവ്യയുടെ മൃതദേഹം കരയ്ക്ക് അടിയുന്നത്. ആഗസ്റ്റ് 23ന് കുട്ടിയുടെ മൃതദേഹം തേങ്ങാപട്ടണം ഭാഗത്ത് അടിഞ്ഞു. രണ്ടു മരണങ്ങളിലും തമിഴ്നാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഇലന്തൂര്‍ നരബലിക്ക് പിന്നാലെ സംസ്ഥാനത്തെ തിരോധാന കേസുകള്‍ അന്വേഷിക്കുന്നതിനിടെയാണ് ദിവ്യയുടെ തിരോധാന കേസിന്റെ ഫയലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച ആളില്ലാതുറയില്‍ പ്രത്യേക സംഘം പരിശോധന നടത്തി. തുടര്‍ന്നാണ് കേസിന്റെ ചുരുളഴിയുന്നത്. തമിഴ്നാട് പൊലീസ് ശേഖരിച്ച ഡി.എന്‍.എ സാമ്പിളുകള്‍ ഉടന്‍ പ്രത്യേക സംഘം പരിശോധനയ്ക്കയക്കും.


