പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ഹര്‍ജിയും തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. അലനും താഹയ്ക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അലന്റെ ജാമ്യം ശരിവച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.
സുപ്രിംകോടതിയുടെ നടപടി എന്‍ഐഎയ്ക്ക് വലിയ തിരിച്ചടിയാണ്. ജാമ്യം നല്കിയാല് പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങള്‍ എന്‍ഐഎ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. പ്രതികളുടെ പ്രായം, വിദ്യാഭ്യാസ സാഹചര്യങ്ങള്‍ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. മുന്‍പ് എന്‍ഐഎ കോടതിയില്‍ അലന് ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ താഹക്ക് ജാമ്യം നല്‍കിയിരുന്നില്ല.
2019 നവംബറിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുത്തു. ഇരുവരും സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ആണെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നുമാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നത്.
അതേസമയം, ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് താഹ ഫസലിന്റെ ഉമ്മ ജമീല. പഠനം തുടരുന്നതിന് വേണ്ടത് ചെയ്യുമെന്നും ഉമ്മ പ്രതികരിച്ചു.


