മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ആര്യനൊപ്പം അബ്ബാസ് മര്‍ച്ചന്റിനും മുന്മുന് ധമേച്ചയ്ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 25 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ അഡ്വ. മുകുള്‍ റോത്തഗി ആര്യന് ഖാന് വേണ്ടി ഹാജരായി. മൂന്ന് ദിവസമാണ് മുംബൈ ഹൈക്കോടതി കേസില്‍ വാദം കേട്ടത്.
വന്‍തോതില്‍ ലഹരിമരുന്ന് പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്സ് ആപ് ചാറ്റുകള്‍ സംബന്ധിച്ച രേഖകള്‍ മാത്രമാണ് എന്‍സിബിയുടെ കയ്യിലുള്ളത്. അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും ആര്യന് ലഹരി ഉപയോഗിച്ചത് തെളിയിക്കാന്‍ എന്‍സിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ വാട്സ്ആപ് ചാറ്റുകള്‍ ആണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ തെളിവെന്നായിരുന്നു എന്‍സിബി വാദം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു, ആര്യന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കും തുടങ്ങി കേസില്‍ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ എന്‍സിബി കോടതിയില്‍ വാദിച്ചു. ആര്യന് ഖാന് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വലിയ അളവിലുള്ള ലഹരി ഇടപാടിന് വേണ്ടി വാട്സ് ആപ് വഴി ഇടപാടുകള്‍ നടന്നു എന്നും എന്‍സിബി കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെ കരുവാക്കി ഷാറൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍.സി.ബി സോണല്‍ ഡിറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ മുംബൈ പൊലീസിന്റെ അന്വേഷണം. അന്വേഷണത്തിനെതിരെ വാങ്കഡെ മുംബൈ ഹൈക്കോടതിയില്‍ നല്കിയ ഹരജി തള്ളി. ഇതിനിടെ കിരണ്‍ ഗോസാവിയെ 2018ലെ തട്ടിപ്പ് കേസില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്യന് ഖാന് പ്രതിയായ ലഹരി മരുന്ന് കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ സാക്ഷിയാണ് സ്വതന്ത്ര കുറ്റാന്വേഷകനായ കിരണ്‍ ഗോസാവി. എന്‍.സി.ബി കസ്റ്റഡിയിലിരിക്കെ ആര്യന് ഖാനൊപ്പം കിരണ്‍ ഗോസാവിയെടുത്ത ഫോട്ടോയും കസ്റ്റഡിയിലെടുത്ത പ്രതികളെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
എന്‍.സി.ബിയുമായി അടുത്ത ബന്ധമുള്ള കിരണ്‍ ഗോസാവി ഷാറൂഖാന്റെ മാനേജരെ കണ്ട് പതിനെട്ട് കോടി ആവശ്യപ്പെട്ടുവെന്നാണ് ഗോസാവിയുടെ ഡ്രൈവറും ബോഡി ഗാര്‍ഡുമായ പ്രഭാകര്‍ സെയില്‍ ഉന്നയിക്കുന്നത്. ആവശ്യപ്പെട്ട പതിനെട്ട് കോടിയില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്കാണെന്ന് കിരണ്‍ ഗോസാവി ഫോണില്‍ പറയുന്നത് കേട്ടുവെന്ന് പ്രഭാകര്‍ സെയില്‍ പറയുന്നു. ഇതില്‍ എന്‍.സി.ബിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിക്കുകയും സമീര്‍ വാങ്കഡെയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുംബൈ പൊലീസിലെ എസിപി ദിലിപ് സാവന്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ആര്യന് ഖാനെ അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 3നായിരുന്നു അറസ്റ്റ്. എന്‍സിബി നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു.
മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യനടക്കം എട്ട് പേരും പാര്‍ട്ടിയുടെ സംഘാടകരും പിടിയിലാവുകയായിരുന്നു.


