കിഴക്കമ്പലത്തെ സംഘര്‍ഷത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് കിറ്റെക്സ് എംഡി സാബു ജേക്കബ്. കിറ്റെക്സ് എന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പോലീസ് അറസ്റ്റ് ചെയ്ത 164 പേരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്ന് സാബു ജേക്കബ് പറഞ്ഞു. തന്നെയും കിറ്റക്സിനെയും ഇല്ലാതാക്കാന്‍ പട്ടിണി പാവങ്ങളെ തുറങ്കിലടക്കരുതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. നിരപരാധികളായ അന്യ സംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടും ക്രൂരത. ഇവരെ തുറന്ന് വിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു.
സ്ഥാപനത്തിലെ ക്യാമറകളുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായത്തോടെ നടത്തിയ പരിശോധനയില്‍ 12 പേരെ മാത്രമാണ് പ്രതികളുടെ കൂട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ഇത്രയും പേരെ പോലീസിന് എങ്ങനെയാണ് കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കുകയെന്ന് സാബു ചോദിച്ചു.
10,11,12 കോട്ടേഴ്സില് ഉള്ളവരെ മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് സാബു ജേക്കബ് പറഞ്ഞു. ഇവിടെ ഉണ്ടായിരുന്നവരില്‍ മലയാളികളെ മാറ്റി നിര്‍ത്തിയ ശേഷമാണ് ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തതെന്നും ഇത് കേരള സമൂഹത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.
”വളരെ യാദൃശ്ചികമായ അക്രമണമാണ് നടന്നത്. 164 പേരെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. വെറും 23 പേര് മാത്രമാണ് പ്രതികള്‍. മറ്റുള്ളവര്‍ നിരപരാധികളാണ്. 984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേര് ഇതര സംസ്ഥാന തൊഴിലാളികള്‍. മൂന്ന് ക്വാര്‍ട്ടേഴ്സുകളിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പൊലീസ് തെരഞ്ഞുപിടിച്ചു. 10,11,12 ക്വാര്‍ട്ടേഴ്സിലുള്ളവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. ഇവരാണ് പ്രതികളെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി.
നിയമം കയ്യിലെടുക്കാന്‍ കിറ്റക്സ് മാനേജ്മെന്റ് ആരേയും അനുവദിക്കാറില്ല. ഇവിടെ സൂപ്പര്‍വൈസര്‍ക്ക് പോലും തൊഴിലാളികളെ കണ്ടാല്‍ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പൊലീസുകാര്‍ക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പൊലീസിന്റെ കയ്യില്‍ തെളിവായില്ല. നിയമ വിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ 164 പേരില്‍ വെറും 23 പേര് മാത്രമാണ് യഥാര്‍ത്ഥ പ്രതികള്‍. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയില്‍ നിന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണം”.
കുടുംബത്തെ വിട്ട് ജോലിക്ക് വന്നവരാണ് പലരും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ടു പൊകരുത്. കമ്പനി അടക്കാന്‍ ഞാന്‍ തയ്യാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ തുറന്ന് പറയണമെന്നും സാബു എം ജേക്കബ് പറഞ്ഞു