ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നല്കി മാത്രമേ ഹാജരാകാന്‍ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹാരസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.
എഫ്ഐആര്‍ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീനിജിന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയക്കും. ഹര്‍ജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അന്വേഷണം തുടരാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം ജാതി അധിക്ഷേപ കേസില്‍ സാബു എം. ജേക്കബ്ബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തു. അറസ്റ്റ് തടയരുതെന്നെന്ന് ഡിജിപി ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തില്‍ അക്കാര്യം പറയാനാകില്ലെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി.
അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കാം എന്ന് അറിയിച്ച കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിച്ചു. പരാതി നല്കാന് കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു.