പരവൂര്‍: ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു. ചിറക്കരത്താഴം വിഷ്ണു ഭവനില്‍ രതീഷിന്റെ ഭാര്യ വിജിതയാണ് (30) കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിജിതയെ മാനസികമായും ശാരീരികമായും വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നതായി കാണിച്ച് മാതാവ് റീന പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്നു തന്നെയാണ് വിജിത ജീവനൊടുക്കിയത്. ഈ സമയം രതീഷ് വീട്ടിലുണ്ടായിരുന്നു. ഇയാള്‍ തന്നെയാണ് ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് തൂങ്ങിനിന്ന വിജിതയെ പുറത്തെടുത്തത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രതീഷിന് പരസ്ത്രീ ബന്ധമുണ്ടെന്ന് പറഞ്ഞു ഇരുവരും എന്നും വാഴക്കായിരുനെന്നു നാട്ടുകാർ പറഞ്ഞു
വനിതാ കമീഷന് അംഗം ഷാഹിദ കമാല്‍ വിജിതയുടെ വീട്ടിലെത്തി മാതാവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വാര്‍ഡുതല സമിതികള്‍ രൂപവത്കരിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.


