തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തമായി സഥാപനം നടത്തുന്ന യുവതിയുടെ കടയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വഴിത്തിരിവ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ സ്ഥാപനത്തില്‍ യുവാവ് കഞ്ചാവ് കൊണ്ടുവെച്ച് കേസില്‍ പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് യുവതി നിരപരാധിത്വം തെളിയിച്ചത്. അതോടെ യഥാര്‍ഥ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു.
കൈത്തറി സംരംഭമായ ‘വീവേഴ്സ് വില്ല’യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥനാണ് മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ സ്ഥാപനത്തില്‍നിന്ന് അര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മ്യൂസിയം പൊലീസും നര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് ശോഭയെ അറസ്റ്റ് ചെയുകയും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയുമാണ് ഉണ്ടായത്.
തുടർന്ന്,സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശോഭ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ നല്കി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് ആണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞത്. ഇയാള്‍ക്കൊപ്പം സഹായിയായി വിവേക് രാജ് എന്നയാളിനെയും പോലീസ് പിടികൂടി.
ഇവരുടെ സ്ഥാപനത്തിൽ കഞ്ചാവ് ഉണ്ടെന്ന് പൊലീസില്‍ വിളിച്ചറിയിച്ചതും ഇവര്‍ തന്നെയാണെന്നും ഇതോടെ തെളിഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ഇങ്ങനെയൊരു പ്രതികാരം ശോഭ പ്രതീക്ഷിച്ചിരുന്നില്ല. ശോഭയ്ക്കെതിരായ കേസ് ഒഴിവാക്കിയ പൊലീസ് ഹരീഷിനെയും വിവേകിനെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.


