ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.
അതേസമയം, ആലുവ പൊലീസ് സ്റ്റേഷന് ചുമതല പുതിയ സിഐക്ക് നല്‍കിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ. പോളിനാണ് ചുമതല.
ആലുവയില്‍ നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷന് ചുമതലയില്‍ നിന്ന് ഒഴിവാക്കിയായിരുന്നു നടപടി.
കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചര്‍ച്ചയ്ക്ക് പൊലീസ് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഐക്കെതിരെ നടപടിയെടുത്തത്.


