കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. തന്നെ ഇന്ന് രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നണ് അഷറഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു. ഇയാളില്‍ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.
അഷ്റഫിനെ തട്ടികൊണ്ട് പോയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. മലപ്പുറം രണ്ടത്താണി കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹറിനെ (33) ആണ് കോഴിക്കോട് റൂറല്‍ എസ്പി ആര്. കറപ്പസ്വാമിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് ഇയാള്‍ പിടിയിലായത്.
ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരന് അലി ഉബൈറുമായി അഷറഫിന്റെ ഭാര്യ സഹോദരന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികളാണ് അലി ഉബൈറാനും സഹോദരന് ഹബീബ് റഹ്മാനും.
മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷറഫ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഷ്റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘമാണ് അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടു പോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്കക്ക് എടുത്തത്.