കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം പുലിയന്‍ പാറ, ഊന്നുകല്‍ വെള്ളാമക്കുത്ത്, തലക്കോട് അമ്പികാപുരം എന്നിവിടങ്ങളിലെ കോതമംഗലം കത്തോലിക്കാ രൂപതയ്ക്ക് കീഴിലെ പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ സിജോ (മനോജ് 40 )ആണ് ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്.
കുര്യന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകള്‍ക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് സംഭവ സ്ഥലം സന്ദര്‍ശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഒറ്റക്ക് കറങ്ങി നടന്ന് പല ദിവസങ്ങളിലായാണ് കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ കെ.ജി.ഋഷികേശന് നായര്‍, എ.എസ്.ഐ മാരായ എം.എസ്.ജയന്, മനാഫ്, സി.പി.ഒ മാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


