പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ സംഭവത്തില്‍ അഞ്ച് പേര് പൊലീസ് കസ്റ്റഡിയില്‍. സ്വരാജ്, ഹക്കീം, അജയ്, ഷമീര്‍, മദന്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ തിരുവാലത്തൂര് സ്വദേശി ഋഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് തത്തമംഗലം സ്വദേശി സുബീഷ് (20) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 19 മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഇതിനിടെ ഇന്നലെ രാത്രിയാണ്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചിറ്റൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.
ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫൊറന്‍സിക് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
മൃതദേഹം സാഹസികമായി ഇവിടെ കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നാണ് പൊലീസ് അനുമാനം. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലമാണ് ഇത്. കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ മാസം 19ന് പാലക്കാട്ടെ മെഡിക്കല്‍ ഷോപ്പിനു സമീപം ബലമായി സ്കൂട്ടറില്‍ കയറ്റി മലബാര്‍ ആശുപത്രിക്ക് സമീപത്തെ ശ്മശാനത്തില്‍ വച്ച് സുബീഷിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
19നു കാണാതായ സുബീഷ് ഏറെ ദിവസം മടങ്ങി വരാത്തതിനാലും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാലും കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരാഴ്ചയോളം ചതുപ്പില്‍ കിടന്നതിനാല്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.


