ജയ്പൂര്‍: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ദളിത് യുവാവിനെയും മകനെയും പതിനഞ്ചംഗ സംഘം മര്‍ദ്ദിച്ച് അവശരാക്കിയശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ മാര്മന്ദിലാണ് കൊടുംക്രൂരത നടന്നത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരെന്നു അവകാശം പറയുന്ന സംഘമാണ് ഇരുവരെയും മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. റൈചന്ദ് മേഘ്വാള്, മകന് രമേശ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.
സാധനങ്ങള്‍ വാങ്ങുകയായിരുന്ന ഇവരെ സ്ഥലത്തെത്തിയ സംഘം കാരണമൊന്നും കൂടാതെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റുവീണ റൈചന്ദിനെ സംഘത്തിലുള്ളവര്‍ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇയാളുടെ തലയില്‍ പൊട്ടലുണ്ട്. നിരവധി പല്ലുകള്‍ ഇളകിത്തെറിക്കുകയും ചെയ്തു. മകൻ്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരാതിയെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ചെങ്കിലും ആരെയും അറസ്റ്റുചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.


