പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫുട്ബോള്‍ ലോകകപ്പ് വേളയില്‍ സ്ഥാപിച്ച കട്ട് ഔട്ടുകളും കൊടിതോരണങ്ങളും മാറ്റാത്തതില്‍ കോടതിക്ക് അതൃപ്തി. മരണം സംഭവിക്കാന്‍ കാത്തിരിക്കുകയാണോയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
അനധികൃത കോടിതോരണവും ബാനറും വെക്കുന്നവര്‍ കാറില്‍ യാത്ര ചെയ്യുന്നവരാണ്. അത്തരം ആളുകള്‍ക്ക് പ്രശ്നം ഇല്ല. സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നതെന്നും കോടതി വിമര്‍ശിച്ചു.
തൃശ്ശൂരില്‍ സ്കൂട്ടര്‍ യാത്രക്കാരിയുടെ കഴുത്തില്‍ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരുക്കേറ്റ സംഭവത്തിലാണ് ഹൈക്കോടതി രോഷം പ്രകടിപ്പിച്ചത്. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂര്‍ കോര്പറേഷന് സെക്രട്ടറി നാളെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം, സ്കൂട്ടറില്‍ പോവുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിലാണ് തോരണം പൊട്ടിവീണ് കുരുക്കായത്. പ്ലാസ്റ്റിക് കയര്‍ മുറുകി പരുക്കേല്‍ക്കുകയും ചെയ്തു.


