എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മണ്‍വിള സ്വദേശി ജിതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന് കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
ഡിയോ സ്കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിന് ഓടിച്ചു പോയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നില്‍ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോള്‍ ഇത് കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും തുറന്ന നിലയിലായിരുന്നു.
എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലാബില്‍ അയച്ച് പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ധരിച്ച ടീഷര്‍ട്ടിനെ കുറിച്ച് വിവരം ലഭിച്ചു. തലസ്ഥാനത്ത് ഈ ബ്രാന്‍ഡില്‍ 12 എണ്ണം വിറ്റുപോയെന്ന് വ്യക്തമായി. പരിശോധിച്ചതില്‍ നിന്നും ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിന് ആണെന്ന് വ്യക്തമായി.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ ഫോണിലെ വിശദാംശങ്ങള്‍ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.