സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എന്‍ഫോഴ്സ്മെന്റ് വാദം കൂടി പരിഗണിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യം തള്ളിയത്. സ്വര്‍ണക്കള്ളത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയത്.
സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായും രാജ്യത്തും പുറത്തും ഇതിന് ഗൂഢാലോചന നടത്തിയെന്നും സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കിയതും കോടതി ചൂണ്ടിക്കാട്ടി. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതും കോടതി പരിഗണിച്ചു.
ലോക്കറില്‍ സ്വപ്ന സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം കള്ളപ്പണമാണെന്ന എന്‍ഫോഴ്സ്മെന്റ് കണ്ടെത്തലും കോടതി പരാമര്‍ശിച്ചു. സ്വപ്നയുടെ ഉന്നതബന്ധം കൂടുതല്‍ മറ നീക്കിയത് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലായിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് ലോക്കര്‍ എടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന മൊഴി നല്‍കിയത് എന്‍ഫോഴ്സ്മെന്റാണ് കോടതിയില്‍ അറിയിച്ചത്. എം ശിവശങ്കറുമൊന്നിച്ച് മൂന്നുതവണ വിദേശയാത്ര നടത്തിയതും എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തിലാണ് വ്യക്തമായത്.


