കൊല്ലത്ത് യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വിചിത്ര നടപടിയുമായി പൊലീസ്. അതിക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അതിക്രമം ചോദ്യം ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ശക്തികുളങ്ങര പൊലീസിന്റേതാണ് നടപടി.
അതേസമയം യുവതി പരാതി നല്‍കിയെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. പൊലീസിന്റെ വിചിത്ര നടപടിയില്‍ പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു.
കൊല്ലം രാമന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജിവനക്കാരനായ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.
ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിയും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് യുവതി ഹരിദരനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുത്തത് അനന്തുവിനെതിരെയാണ്.


